Friday, July 17, 2020

അതിരുകൾ മായുമ്പോൾ
...............................................

ആരോെതാടുന്നുണ്ട് ഉറക്കം പോയ
കണ്ണിൽ, നെറുകിൽ
മണ്ണിൽ കുതിർന്ന വിരലുകൾ

വിളമ്പുന്നുണ്ട് വിശന്നലയുമ്പോൾ
പൊട്ടിയടർന്ന പാത്രത്തിൽ നിന്നും
ജീവനറ്റ കൈയുകൾ.

കാത്തിരിയ്ക്കുന്നുണ്ട് ഈ മണ്ണിനടിയിൽ
എവിടെയോ
ഒരു വിളി പാർത്ത് ഉണരാനാവാതെ
നിശ്ചലം.

തിരയുന്നുണ്ട്,ഇളം ചുണ്ടുകൾ
പകരാനാവാതെ
നെഞ്ചു നിറഞ്ഞു വിങ്ങും
സ്നേഹപ്രവാഹങ്ങൾ.

വിളിയ്ക്കുന്നുണ്ട് നേരം ചാഞ്ഞിട്ടും
കാണാനാവാതെ, വാക്കുകൾ.

എപ്പൊഴും തോൽക്കുന്നതാരോ
മറ്റുള്ളവർ ജയിക്കുന്ന തോർത്തു
കൊതിക്കുവാൻ.

കാറുമൂടുന്നു, ഇടിവെട്ടുന്നു
കരയാനാവുന്നില്ല, കണ്ണുനീർ ,
ജീവൻ തുടിയ്ക്കുന്ന താഴ്‌വരകളെ
മണ്ണിൽ പുതച്ചുറക്കിയാലോ?
                         ഗിരീഷ് മടവൂർ
മടക്കം, പക്ഷേ
...........................
കയ്യോഴിയുക
ആകാശമേ, അലകടലേ
ദൈവങ്ങളേ - വേണ്ട ,ഇനി
പിറവിയ്ക്കായ് ഒരു ജൻമം.

കണ്ണൊഴിയുക
ജീവ കോടികളേ, മാമരങ്ങളേ
പൂക്കളേ
കീറിയെറിഞ്ഞതിനെ
ചേർത്തുവെയ്ക്കുന്നതെങ്ങനെ?

തൊട്ടൊഴിയുക
ജലകണങ്ങളേ, മൺതരികളേ
നിഷ്കളങ്കം
കണ്ണീരുപ്പായ് കാലം
ഇനി മടങ്ങുവതെങ്ങനെ?

കൂട്ടിന്നു വരരുത് കളിചിരികളേ
പിണക്കങ്ങളേ,പൈദാഹങ്ങളേ
അഭിനയമായിരുന്നെല്ലാം
തകർത്തുല്ലസിക്കുവാൻ.

മടങ്ങുന്നു പക്ഷേ,
ഒരിക്കൽ
ജീവനിൽ വിഷം പുരട്ടിയ
അമ്പുകോർത്തു ഞാനെത്തും
നിൻ്റെ പൊട്ടിച്ചിരിയുടെ
ലിംഗമറുക്കുവാൻ.
            ഗിരീഷ് മടവൂർ
മതിലിടങ്ങൾ
______________

ഇന്നലെവരെ ഹൃദയം കൊണ്ട് ഒന്നായ നമ്മെ ഒറ്റരാത്രികൊണ്ട് ആരോ നാടുകടത്തിയിരിക്കുന്നു.

 ഇന്നലെവരെ ഒന്നായി പോയ നമ്മെ ഇന്ന് ആരോ  മതക്കാരൻ ആക്കിയിരിക്കുന്നു.

നമ്മുടെ കാഴ്ചയെ കുത്തി പൊട്ടിച്ചിരിക്കുന്നു. കേൾവിയിൽ തീ കോരി ഒഴിച്ചിരിക്കുന്നു.
തലോടലിൽ ലാവ പടർത്തിയിരിക്കുന്നു.
ഹൃദയം കല്ലായിരിക്കുന്നു.
കണ്ണീർ ചോരയായിരിക്കുന്നു .

പ്രിയ സുഹൃത്തേ
നാം ഇപ്പോൾ ശത്രു രാജ്യത്താണ് താമസം.

നിൻറെ വിശപ്പും നിലവിളിയും എനിക്ക് ഹരം പകരുന്നു.
നിൻറെ നോവുകൾ എൻറെ ആഘോഷങ്ങൾ നിൻറെ വീഴ്ചകൾ എൻറെ വിജയങ്ങൾ.

നിൻറെ പെങ്ങളുടെ അടിവയറ്റിലെ ചോരകൊണ്ട് ഞാൻ പൂജ ചെയ്യും മക്കളുടെ രക്തം കൊണ്ട് അഭിഷേകവും

അപ്പോൾ,
 നമ്മുടെ നോവും പശിയും നിരാലംബതയും സ്നേഹവും തോൽപ്പിക്കും  വരെ നമുക്ക് ശത്രുപാളയ ങ്ങളിൽ കഴിയാം
അല്ലേ ?
അപ്പോഴേക്കും ഈ മതിൽ മാനംമുട്ടെ വളർന്നിട്ടുണ്ടാകും.
                               ഗിരീഷ് മടവൂർ
അപ്രതീക്ഷിതം
..........................
നിനച്ചിരിക്കാതെ നട്ടുച്ചയ്ക്ക്
വീട്ടിലേക്ക് വരുമ്പോഴുണ്ട്
നിലത്ത് കിടന്നു വെയിൽ മണ്ണിൽ
വട്ടം വട്ടം ചിത്രം വരയ്ക്കുന്നു.

ഓലത്തുമ്പിൽ കയറി നിന്നു ഒരോന്ത്
അതാസ്വ ദിക്കുന്നു.
ചെമ്പകത്തിന്നടിയിൽ നിഴൽ
ആരെയോ പ്രതീക്ഷിച്ച് നഖം കടിക്കുന്നു.

ഒതുക്ക് കല്ലിൽ
ഉറുമ്പുകൾ തിരക്കിലാണ് നടന്നു തീർക്കാൻ
ഏറെ വഴിയുള്ളതി പോലെ.
പ്ലാവിൽ നിന്നു അണ്ണാൻ താഴോട്ട് ഇറങ്ങുന്നു
പാതിയിൽ നിൽക്കുന്നു.
വെളിയിൽ നിന്ന് ചെമ്പോത്ത്
അണ്ണാ നോട് പതുക്കെയെന്തോ പറയുന്നു.

മുറ്റത്ത് നാലു മണി പൂക്കൾക്കിടയിൽ
പൂച്ച അച്ചിങ്ങയുരുട്ടി കളിക്കുന്നു
ഇറയത്തു വന്ന് എലി അത് നോക്കിരസിയ്ക്കുന്നു.
കോലായിലെ തണുപ്പ് നാണിച്ച്
മൂലയിലേക്ക് ഒതുങ്ങി നിൽക്കുന്നു
വാതിൽ തുറക്കുമ്പോൾ
ഈറൻ കൈയാലാരാണ്
നെഞ്ചോടു ചേർക്കുന്നത്,
നിറഞ്ഞ കണ്ണിൽ ഉമ്മ വെയ്ക്കുന്നത്?
അതു കണ്ട് ഒരു പല്ലി കിട്ടലയിൽ ഇരിയ്ക്കുന്നു.
ചിലന്തികൾ അതിനപ്പുറം ധ്യാനത്തിലാണ്.

പ്രിയപ്പെട്ട ഒരു വിളി മലയിറക്കി
കാറ്റ് കൊണ്ട് വരുന്നുണ്ട്
മരംകൊത്തി ഉണങ്ങിയ തെങ്ങിൽ
താളമിടുന്നുണ്ട്
കരിയാറ്റക്കിളി പാട്ടും പാടി
കുന്നിലേക്ക് പറക്കുന്നുണ്ട്.

ചൊരിമണലിൽ കുത്തിക്കാലടി
പതിയുന്നുണ്ട്.
പുല്ലുകൾ അതിനെ താലോലിക്കുന്നുണ്ട്.

തുറന്നിട്ട വാതിലു കൊളൊന്നും അടയ്ക്കാനാവാതെ
ഉമ്മറത്തു ഞാൻ നിൽക്കുന്നു
ഇത്രയും മതി
ഇനി പകുത്തെടുക്കാൻ
ഞാനില്ലല്ലോ?
                        ഗിരീഷ് കുമാർ.ഇ
അശരണം
..........
വിളമ്പിയ ചോറിനു  മുമ്പിലെ
വിളക്ക് കെട്ടു.
ഒരു കാലം പതുക്കെ എന്നിൽ നിന്നു
നടന്ന്‌ അകലുന്നു
ഒരു വീട് പൊടുന്നനെ
ഒന്നും പറയാതെ ഇറങ്ങി പോകുന്നു.

അന്തി മുല്ലകൾ അതിരിട്ട റോഡിൽ
അകലെ നിന്ന് ആരും ഇനി വരാനില്ല.
വേലിയിൽ ചെമ്പരത്തി പൂക്കൾ വിടർത്തി
ഒരു വേനലവധി യും കാത്തിരിക്കാനില്ല.

വയലിലേക്ക് നീളുന്ന വിളിക്ക്
മറുവിളി കേൾക്കാൻ ഇനി
ആരും വെപ്രാളപ്പെടാൻ ഇല്ല.

കളത്തിലെ നെല്ലിനും കാപ്പിയ്ക്കുo
പുൽക്കൂട്ടിൽ കാവൽകിടക്കുമ്പോൾ
ആരും വന്നു നോക്കാൻ ഇല്ല.

തോറ്റിട്ടും ജയിച്ചിട്ടുണ്ടാവുമെന്ന്
മധുരം തരാനാരുമില്ല
തോൽക്കുമ്പൊഴൊക്കെ '
ഓർക്കാനിനി ഒന്നില്ല.

വൈകുമ്പോൾ വയൽവരമ്പിൽ
കാത്തു നിൽക്കാനാരുമില്ല
ആഞ്ഞൊഴുകുന്ന തോടിന് കുറുകെയിട്ട
ഒറ്റയടിപ്പാലത്തിനപ്പുറം നിൽക്കാനാരുമില്ല.

എനിയ്ക്കായി നേർച്ച നേരാൻ
ദൈവങ്ങളില്ല.
യാത്ര പറയുമ്പോൾ
പ്രാർഥനയോടെ കവിളത്ത് മുത്താൻ
ആരുമില്ല.

ചെനപിടിക്കാത്ത പശുവിനെ
അറവുകാരൻ കൊണ്ടു പോകുന്നു
ഇന്നു രാവിലെയും മുഖത്തുരുമ്മിയ
അതിനും എനിയ്ക്കും
ഒരേ കണ്ണ്.
അനന്തരം
..........................
വിശക്കുന്നവൻ്റെ കണ്ണിൽ
ഒരു നക്ഷത്രമുണ്ട്
മരിയ്ക്കുന്നതിനു മുമ്പ്
ആരോടും പറയാൻ കഴിയാത്ത
ഒരു വ ളു ടെ ആഗ്രഹം പോലെ.

പ്രണയിക്കുന്നവൻ്റെ
തൊണ്ടയിലൊരു വാക്കുണ്ട്
വേനൽക്കാലത്തെ കാറ്റിൻ്റെ കൈയിലെ
പെയ്യാത്ത മഴക്കാറുപോലെ.

മുറിവേറ്റവൻ്റെ നെഞ്ചിൽ
അടയാളമുണ്ട്
അതിരിട്ടു തിരിച്ച ഭൂമി പോലെ.

പറയാൻ മറന്നു വെച്ച വാക്കാൽ
ആരും കൊതിക്കുന്ന
കൊട്ടാരം തീർക്കുന്നു
മറുത്ത് പറയാൻ ആവാത്തതിനാൽ
വെടിയുണ്ടകളും.

വിശന്ന ചോറിൽ
കടം കൺ തുറിയ്ക്കുന്നതു കണ്ട്
വിളമ്പി വെച്ചത് ഉപേക്ഷിച്ചൊരാൾ
വിശപ്പു തിന്നുന്നു.

വെളളം കിട്ടാതെ മരിച്ച
ഒരാളുടെ കണ്ണിൽ
ജലാശയം

നമ്മുടെ നെഞ്ചിനിടയിൽ
ആരോ
ഒരു തുള്ളി വീഴ്ത്തുന്നു
പർവതങ്ങളും കാടും താഴ്‌വരകളും
കടന്നത് പടരുന്നു
ഒത ജൻമം അളന്നു തീർക്കാനാവാത്ത
കടൽ പോലെ.
                ഗിരീഷ് കുമാർ
വിരുന്ന്
.............
വാതിൽ കൊട്ടി അടക്കരുത്
നട്ടുച്ചയ്ക്ക് അവർ വരും
ഒരു കടലാസു കഷ്ണവും കത്തിച്ച്
ലോകം നിന്ന് കത്തുമ്പോഴും
കണ്ണ് കാണാത്തവർ.

നെഞ്ചോടു ചേർത്ത് പിടിക്കണം
തുടിപ്പാലറിയണം
ഒരു മിടിപ്പിൽ തുളുമ്പുന്ന ജീവൻ.

ഒരു പിടി അന്നം പാത്രത്തിൽ
ബാക്കി വെച്ചേക്കണം
ഉപ്പു ചേർത്തു വിളമ്പണം
വിശപ്പിൻ്റെ വിലയറിയുവോർ നമ്മൾ

ഒരു തുള്ളി കണ്ണീർ ബാക്കി വെച്ചേക്കണം
അഹകാരത്തിൻ്റെ ശവപ്പെട്ടി മേൽ
ഒറ്റപ്പൂവായി വെയ്ക്കാൻ

ഒന്നു പറയാനൊരു വാക്കു കരുതണം
നന്ദി,
എന്നതിനൊരർഥവും

നോവിൽ എരിപുരട്ടും
ധിക്കാരത്തിന് ഉറങ്ങാൻ
ആറടി മണ്ണും.
                 
               ഗിരീഷ് കുമാർ
അപരം
.............
നീ
മേഘമായി അലഞ്ഞ്
ഇരുളുന്നതും
പിന്നെ പൊട്ടിപ്പിളരുന്നതും
ഇരുളിൽ നക്ഷത്രമായി പിറന്ന്
ഇടിമിന്നലായ്  നിന്ന്കത്തുന്നതും
മഴയായി ഉറഞ്ഞു വീഴുന്നതും
എന്നിലാണ്
പക്ഷേ,
തളിർക്കുന്നതും
പൂക്കുന്നതും
അകലെ ഏതോ
മണ്ണിലല്ലോ...

             ഗിരീഷ് കുമാർ
മഴയോട്
...........

നീ
വാർന്നുപോയതിന്റെ
ബാക്കിയാണ്
ഞാനെന്ന
ശൂന്യാകാശം.
                       ഗിരീഷ് കുമാർ

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...