Thursday, February 28, 2019

നിൻ്റെ ഓർമയ്ക്ക്
................................
അറ്റമില്ലാത്തവയലാണ്
മുന്നിൽ
മഞ്ഞച്ച വിളഞ്ഞ പുതപ്പ്
അപ്പുറം മൺറോഡും പുഴയും
എപ്പോഴും വളഞ്ഞു പുളഞ്ഞങ്ങിനെ.

സസ്യാ വെയിൽ വയൽപ്പൂക്കൾ തുന്നുന്ന നേരമാണ് നീ വരിക

പട്ടുപാവാട ത്തുമ്പിൽ പുല്ലിൻ പൂക്കൾ പറ്റിപ്പിടിച്ചിരിയ്ക്കും
നെറ്റിയിൽ വിയർപ്പിൻ്റെ
തിളക്കം

ദൂരെ നിന്ന് അടുത്തെത്തുമ്പോൾ
രൂപം തെളിഞ്ഞു വരും
ഗന്ധകശാലയുടെ മണമായിരുന്നു നിനക്ക്

കാത്തിരുന്ന തലയ്ക്ക് മുകളിലൂടെ രാപ്പക്ഷികൾ ചേക്ക തേടും
വയൽത്തോട്ടിൽ കുളക്കോഴികൾ പാടും
കൈതകൾ പൂ വിടർത്തും
പോത്തിനേയും തെളിച്ച്
ഒരു പണിയച്ചെക്കൻ
പതിയെ നടന്നു മറയും
ആമ്പലുകൾ വിരിഞ്ഞ കുളത്തിൻ പണിക്കാരികൾ കുളിക്കാൻ വരും

രാത്രി കുറുകുമ്പോൾ
തണുപ്പിൽ
നിൻ്റെ ചിരിയിൽ
അന്തി മുല്ലകൾ വിരിയും

പതുപതുത്ത പുല്ലിൽ
മഞ്ഞിൻ കണങ്ങൾ
വിരുന്ന് കൂടാൻ വരും
തണുത്ത കാറ്റടിയ്ക്കും

ദൂരെ
പുഴയുടെ വളവിൽ
നിറയെ കത്തിനിൽക്കുന്ന
മിന്നാമിനുങ്ങുകളുള്ള
മുളങ്കൂട്ടം ഉണ്ടായിരുന്നു
പുഴയിലേക്ക് ചാഞ്ഞ മാവിൽ തേൻ കുടും

അതായിരിയ്ക്കാം
നീ പിന്നെ ഒരിക്കലും
വരാതിരുന്നത്.

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...