Friday, December 28, 2018

ഉദയം
.............
നിന്നെക്കുറിച്ചെഴുതിയ കവിതയിൽ നിന്ന്
വാക്കടർന്ന് പോകുന്നു.
മുങ്ങിക്കിടന്ന പുഴയെത്ര വേഗം
വറ്റി.
മുദ്രവെച്ചവയൊക്കെ
ജീവിക്കാനെന്ന് മുറവിളി കൂട്ടുന്നു
അടർന്ന നിലാവിൻ്റെ പൂന്തോട്ടം
സ്വയം ശവക്കച്ചനെയ്യുന്നു.
കണ്ണില്ലാത്ത കിനാവുകൾ ഇലകൾ പൊഴിച്ച്
ശശിരത്തിലെ മരശില്പങ്ങളായി.
കാത്തു മവെച്ചവയൊക്കെ
കാടും പടലുമായി.
കിളിപ്പേച്ചിൽ പുലരിയുടെ
നിലവിളി നേർത്ത് ഇല്ലാതായി.
സന്ധ്യാനാളം കെട്ട് വിളിക്ക്
സ്വയമെരിഞ്ഞില്ലാതായി.
ഒട്ടിച്ചു വെച്ച താരകങ്ങൾ അടർന്ന്
മണ്ണിൽ വീണു.
പക്ഷേ,
മഴ കഴിഞ്ഞ പുലരിയിൽ,
നിറഞ്ഞ പുഴയിൽ,
ഒരു സൂര്യനുദിയ്ക്കുന്നു.

Monday, April 30, 2018

വേവ്

............
എൻ്റെ ഹൃദയം തീർത്ത കാടകത്തിൽ നിന്നെ ഞാൻ ഒളിപ്പിക്കുന്നു.
ഒരു തിരി വെച്ചു നിന്നെ ഓർക്കാനൊന്നുമല്ല.
ആർക്കും തൊടാനാവാത്ത
നിന്നെ
ഒന്ന് തൊടാൻ.
വേണ്ടെന്ന് പറയരുത്
ദൈന്യം പകർത്താനല്ല
കണ്ണീരുപ്പാൽ നിന്നെ ഊട്ടാൻ.
തോറ്റു പോയിട്ടും മരിയ്ക്കാത്ത സുഹൃത്തേ,നിൻ്റെ
പച്ചപ്പേരാണ് മനുഷ്യൻ.
നിൻ്റെ കണ്ണിലെ നോവു കൊണ്ടൊരു കടൽ തീർക്കണം
ആകാശമായി അതിൽ അലിഞ്ഞിരിയ്ക്കണം
ഇടയ്ക്ക് കടലാസുതോണിയിറക്കി
അക്കരെപ്പോണം!
അപ്പോൾ ഞാൻ ഓർക്കും,
നിൻ്റെ മുടിയിൽ കാറ്റി റങ്ങി വരുന്നതും
കണ്ണിൽ നിലാവുദിയ്ക്കുന്നതും
സ്വപ്നം വർഷമാകുന്നതും
ചിരി വെയിലായി പൂത്തിറങ്ങുന്നതും ...
അപ്പൊഴേയ്ക്കും ഞാൻ ദി ക്കു തെറ്റി അലയുകയാവും.

നിൻ്റെ കെട്ടിലുള്ളതെല്ലാം
എൻ്റെ പാത്രത്തിലിപ്പൊഴും വേവാതെ തിളയ്ക്കുന്നു.
ഇന്നലെ ബാക്കിയിട്ട ചോറിൽ നീ കൂനിക്കൂടിയിരുന്നു
നിലവിളിയ്ക്കുന്നുണ്ടായിരുന്നു.

ഈ വേവാത്ത നോവു തിന്ന്
പാടാനെ എനിക്കറിയൂ,
കാടകത്തിലെ കാറ്റായ് വന്നു
നീ തച്ചുടയ്ക്കുക
ഒന്നും വേവാത്ത
ഈ മൺകുടത്തെ..

നിതാന്തം

...................
കാത്തിരിപ്പാണ്
കൊഴിഞ്ഞു പോയ തൂവൽ
തിരിച്ചു വരുന്നതും നോക്കി.

അനന്തതയിൽ മേഘമായത് കൊതിപ്പിക്കുന്നുണ്ട്.
വേനലിൽ ഒരു തുള്ളിയായി
സ്വപ്നം കാണുന്നുണ്ട്.
മഴവില്ലിൻ്റെ ചിത്രം ആരോ മാനത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്.
തണുപ്പിൽ അത്
അടയിരിയ്ക്കുന്നുണ്ട്.
നാട്ടിടവഴിയിൽ നിലാച്ചിന്തായി വീഴുന്നുണ്ട്!
കുഞ്ഞിൻ്റെ ചുണ്ടിൽ
പുഞ്ചിരിയായി
വിരിയുന്നുണ്ട്.

വേർപാടിൻ്റെ കണ്ണി മാങ്ങ മണക്കുന്നുണ്ട്.
നിൻ്റെ കണ്ണിലെ കണ്ണീരുപ്പു രുചിയ്ക്കുന്നുണ്ട്.

ചരൽക്കല്ലിൽ പതിയുന്ന കാലിൻ്റെ വേദനയായി ഏറുന്നുണ്ട്.
പടർന്നു കയറുമ്പോൾ ഉച്ചിയില്ലാത്ത മരത്തിൻ്റെ തലപ്പും കഴിഞ്ഞ് അകാശം നോക്കി കരയുന്നുണ്ട്,

ഇല പാടുന്നുണ്ട്‌.
നീറുന്നതിൽ ആരോ ഉപ്പുപുരട്ടുന്നുണ്ട്.
അറ്റമില്ലാത്ത കരച്ചിൽ നേർത്ത് ഒരു ചിരി വിടരുന്നുണ്ട്.

അച്ഛൻ മരിച്ചിട്ടും ആനകളിയ്ക്കാൻ
ഓർമകൾ എത്തുന്നുണ്ട്. പാതിരാമഴയിൽ ആരോ കണ്ണീർ വീഴ്ത്തുന്നുണ്ട്.

ഓടിയെത്തുമ്പൊഴേയ്ക്കും
ഒന്നുമില്ലെന്നറിഞ്ഞിട്ടും
പ്രളയത്തിൽ ഒരിലയായ് അതലയുന്നുണ്ട്
അറ്റവും ആഴവും അറിയാതെ.

മേഘങ്ങളിലെ ആകാശം

..............................................
കണ്ണീർത്തുള്ളികൾക്കിനി
നിലനിൽക്കാനാകില്ല
മേഘങ്ങളിലെ ആകാശം പോലും
ഇരുണ്ട് തുടങ്ങിയിരിയ്ക്കുന്നു.

കറുത്ത മൗനങ്ങൾക്കിനി
മരണം മാത്രം സാക്ഷി
പുഴയിലൊഴുകുന്ന ശവം
ആരോ കരക്ക്‌ എത്തിച്ചെന്ന്.

ജീവിക്കുമ്പോഴും മരിക്കയാണ്
നല്ലതെന്ന് പൂക്കൾ , കുട്ടികൾ, കിളികൾ
പറക്കാനായി ചിറകു പൊഴിച്ചവർ
പോയ വഴി കണ്ടില്ലേ?

നിലവിളക്കിൽ പശിയുടെ പാളും തിരികൾ
നാട്ടിൽ പന്തം കൊളുത്തി പ്രകടനം
ഇരുളും മൗനത്തിനൊടുവിൽ
"അല്പം കൂടി വാചാലമാകട്ടെ"
എന്ന് ഹർഷാരവം.

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...