Tuesday, January 3, 2017

  സിബ്ബ്

ഒറ്റ വലി
ഒരു നിറഞ്ഞ ചിരി
മറു വലിയാൽ, തിടുക്കം
അടച്ചു വെയ്ക്കാനാണെപ്പൊഴും
ആകസ്മികമായ വേർപെടൽ
 തുറന്നിടുന്നെല്ലാം, ഒന്നും
 അടച്ചു വെയ്ക്കാനാവാതെ
 ഒരിക്കലും.

രാത്രി

നട്ടു വെച്ചതാരാണോ
ഓരോ മനസ്സിലും
ഇതുവളർന്ന്
പിന്നെ,
ലോകത്തിൻ പാതിയും
ഇരുട്ടായി

മഴ

പെരുമഴയത്ത്
മഴയിൽ കുതിർന്നാരോ
പെരുവഴി ചില്ലയിൽ
കാത്തു നിൽക്കുന്നു
കനലായ്
മഴ കോരിക്കുടിച്ച്
ഉടഞ്ഞ മൺപാത്രം
മഴയത്താകുന്നു

വാർധക്യം

വീണ പൂക്കളുടെ
ശോക ഛായയിൽ
കണ്ണാടി നോക്കുന്ന
പ്രണയം

കവിത

കാറ്റനക്കങ്ങളിൽ
ഇലമുളളിനോടു പറഞ്ഞു
എങ്ങാനും വന്നു തൊടല്ലേ
മുറിപ്പാടാകും
ഉം.. മുള്ളു സമ്മതിച്ചു
എന്നിട്ടും
ഒരു  മൂകസസ്യയിലെ
നിരാലംബമായ പെരുമഴയിൽ
ഇലമുളളിൻ്റെ  തോളത്തു ചാരി
മുറിഞ്ഞു
അത് ഉണങ്ങിയതേയില്ല
പിന്നെ
അത് കവിതയായി.

കടം
..........
മിഴി
പെയ്തിറങ്ങുന്നു
ആരോ
കല്ലുരുക്കുന്ന
കാറ്റനക്കങ്ങളിൽ

വിട

പടിയിറങ്ങേണ്ടി വന്നതിനാൽ
ഭൂമിയിലാണ്ടു പോയ
വേരുകൾ സ്വയം പറിച്ചെടുത്ത്
വായുവിൽ നിന്ന് അവസാന
ശ്വാസവും വലിച്ച്
വിസ്മൃതിയിലേയ്ക്ക് ചായുന്ന
                                                        ഒറ്റമരം.

പ്രണയം

പുലരിച്ചെടിത്തുമ്പിൽ
ഉച്ചിയിൽ പ്രോജ്ജ്വലം  
സൂര്യനോടോതുന്നു
പ്രണയം
കാറ്റേറ്റടരാൻ തുടങ്ങുന്ന
പാഴില
ചില്ലയോടോതുന്നു
പ്രണയം.

മരണം

നിൻ്റെ വാക്കാൽ
പതിച്ചുറങ്ങുന്ന ഞാൻ
നെഞ്ചിലാരോ
മരിച്ചതറിയുന്നു.

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...