Tuesday, October 24, 2017

തോർച്ച

... :............
തുലാവർഷം ഉച്ചയ്ക്ക്
കൂക്കിയാർത്തു വരും
നെഞ്ചിലിടിച്ച് കളിരു കോരി
ആർത്തു പെയ്തങ്ങനെ '

നീ തന്ന ചൂടൊക്കെയും
വാർന്ന്
അപ്പോൾ ജലശയനം വരും

ഉച്ചമയക്കത്തിൻ്റെ ജനൽപ്പടിയിൽ
മരണവും നീയും
പിന്നെ വാർത്തു വെച്ച
മധുചഷകം ചില്ലു കഷണങ്ങൾ

ചുറ്റിയടിക്കുന്ന കാറ്റിൽ
ഒരിലയായി
നീ തേടും വഴിയൊക്കെ
വഴി പിഴച്ചോടുന്നു പിന്നെയും

ഓർത്തുവെയ്ക്കാൻ
തണുത്ത വിയർപ്പും
കാറ്റിലലിഞ്ഞ നേർത്ത ശ്വാസവും

ഓരോ ഉമ്മയ്ക്കും
ആർത്തുവിളിയ്ക്കുന്ന
ഒരുവൾ വേണം, ഒന്ന്
തുലാമഴയായി
പെയ്തു തോരാൻ.
        

Saturday, September 30, 2017


തുഷാരഗിരി

നീ എന്നെ അണിയിച്ച നീലത്തണുപ്പ്
വിരുന്നുവരുന്ന കോടമ‍ഞ്ഞില്‍
കൊരുത്ത കൈവിടാത്ത സ്നേഹം.
മലമുകളിലേക്കുള്ള യാത്രയില്‍
വേരുകളുടെ ഇണപിരിയാത്ത വേഗം.
ജീവജാലങ്ങളുടെ നിതാന്ത നൃത്തം.

മരക്കണ്ണില്‍ തെളി‍ഞ്ഞ ആകാശകണ്ണാടി
ചെടികളു‍‍ടെ തൊട്ടു തൊ‍‍ടാത്ത പരിഭവ
നീ ചാടിയൊളിക്കുന്നു പാറക്കൂട്ടങ്ങളില്‍
കളിയായ് വന്നു ഈറനണിയിക്കുവാന്‍

പറയാനുള്ളതെല്ലാമൊളിപ്പിച്ചു പതയുന്നു
നിന്നെ നയിക്കുന്ന കല്‍ക്കൂട്ടങ്ങളില്‍,
ചുറ്റും മാമരങ്ങള്‍ നിശ്ചലങ്ങളാകവെ.

ഇടക്കു വന്നെത്തുന്നു തങ്കവെയില്‍
നി‍‍ഴല്‍ നോട്ടങ്ങള്‍ പോലവേ,മറയുന്നു
ഒന്നും പറയാതെ വനസ്ഥലികളില്‍.
വാക്കാല്‍ പതറുന്നു കാറ്റില്‍ശ്ലഥ
മേഘക്കീറായ് സ്വരപഞ്ചമം.
നിശ്ചലമായ് കാത്തിരിക്കുന്നു കരുണം
ഏകാന്ത ഭാരമായ് നൂലട്ടകള്‍.

എന്നിട്ടും ചിരിച്ചൊഴുകുന്നു നീ
പിന്‍വിളി വിളിക്കാതെ തിരി‍ഞ്ഞൊന്നു
നോക്കീടാതെ ,എത്രകാലമെന്ന
പൊട്ടും നെടുവീര്‍പ്പടങ്ങിടാത.

Saturday, September 16, 2017

 

തോന്നല്‍

മറന്നു  പൂത്ത നേരമൊക്കെയും
മറന്നു കൊതികൊണ്ട് മറന്നതൊക്കെയും
വേരും ഉടലും പടിയിറങ്ങേ
ഒന്നു കണ്ടെങ്കിലെന്നൊരു തോന്നല്‍


Monday, August 14, 2017

മൗനചിത്രങ്ങൾ

കൂമ്പുന്നു ,മിഴികൾ
പറയാനൊന്നു
മില്ലെങ്കിലും.
വെറുതെ എഴുതുന്നു
വിരലുകൾ
വിരിയാക്കിനാവു
പൊലിഞ്ഞു പോമെങ്കിലും.
അണയാതണിയത്തിരിക്കെ
ഒരു നോക്കാലളക്കാൻ
ശ്രമിക്കുന്നു ദൂരം.
ഒരു ചിരിത്തുമ്പിലൊതുക്കുന്നു വാനം കുതറാൻ ഒരുങ്ങുമ്പൊഴൊക്കെയും.
 'കഥ പറയാൻ എത്തുന്നു നോവുകൾ ഉറക്കമൊഴിച്ച രാത്രികൾ നീളവേ, വിരിയാനാവാത്തെന്തോ തൊണ്ടയിൽ വലിഞ്ഞു ഉലഞ്ഞങ്ങനെ.
 മിഴികൾ അടയക്കാതടയുന്നു
മരണ ജീവിത ത്രിസന്ധ്യയിൽ.
ഒഴിയാനാവില്ലിനി ജീവൻ വേരുകൾ വെച്ചു യാത്രയായ്.
 പിറവിയ്ക്കു മുമ്പെടുത്ത ചിത്രം
 മഴ കൂടുകൂട്ടിയ രാത്രികൾ.
 ഇഴഞ്ഞു പോകുന്ന പകലിൽ വീണു കിടക്കും നക്ഷത്രപ്പെട്ടുകൾ.
 മറവി തേടുന്ന നിമിഷങ്ങൾ
മരുന്നു കുടിച്ചലറിയല യാഴിയായ് ഒറ്റയ്ക്കിരിക്കുന്നു തീരം
 മൗനത്തിൻ മുങ്ങി മുങ്ങിയങ്ങനെ.
മൃതി തൊട്ടില്ല പ്രേയസീ
നിന്നെ പകരം കൊടുത്തൊന്നു പുത്തനാക്കീടുവാൻ.
 കണിപോലെ വന്നു പോയ്
വരും പുലർച്ച തീരും വരെ.
 നീർത്താൻ ഒരു കഥയില്ല പറയാൻ കൊതി തീരും വരെ.
പുതയ്ക്കാൻ ഒരു പാട്ടില്ല
കരൾത്തുമ്പായത്തിൽ തൊട്ടു വന്നീടുവാൻ.
ഇളവേൽക്കാൻ നിഴൽ വേണ്ട
 ഈ വെയിൽ മാഞ്ഞു പോയാലോ? പോകാൻ വഴി വേണ്ട
ഈ നടത്തം
 നിന്നുപോയാലോ?

Tuesday, June 27, 2017

നീ

നീ ,
നീ നീറുന്ന തണുപ്പ്
തണുക്കുന്ന വേനല്‍


ആരും വരാത്ത വഴികള്‍

എന്തായിത്

ഇന്നലെയോളം നോക്കിയിരുന്നതാണ്
ആരും വന്നില്ല .
കാണാന്‍ കൊതിച്ചതാണ്
നിഴല്‍ വെട്ടം പോലും ആയില്ല
കേള്‍ക്കാന്‍ കൊതിച്ചതാണ്
ഒന്ന് മൂളി യതുപൊലുമില്ല
ഒന്ന് തൊടാന്‍ കൊതിച്ചതാണ്
ഓര്‍മയില്‍ ഈ വിരല്‍തുമ്പില്‍ പോലും വന്നില്ല
എന്നിട്ടാണ് ഇപ്പോള്‍



Sunday, June 25, 2017

ക്ഷമ





എന്നെക്കുറിച്ചല്ല
അത്രമേൽ 
നിന്നെക്കുറിച്ചുള്ള താകയാൽ

Wednesday, June 7, 2017

മഴ വന്നപ്പോൾ

............................
രാവിലെ എഴുന്നേറ്റ്
ഉമ്മറത്തെത്തിയപ്പോൾ
ഒരു മഴയുണ്ട് അകത്തേക്ക് കയറാനായി
മുറ്റത്ത്
നീയില്ലാത്തതിനാൽ
ഇന്നലെ രാത്രി പെയ്‌ത മഴ
അകത്തുനിന്നു
പുറത്തേയ്ക്ക്.
വന്ന മഴ പെയ്യാതെ പോയോ, ഒന്നും പറയാതെ ?
പിന്നെ വന്നതേയില്ല.
                           

Thursday, March 9, 2017

ഗൂഢാലോചന

ഇരുട്ടിൽ
മുളയ്ക്കില്ലെന്നുറപ്പിച്ച്
കുത്തിക്കുഴിച്ചുമൂടിയതാണ്
എന്നിട്ടിപ്പോൾ
കൊമ്പും കവരും പൊട്ടി
പൂവും കായും വന്ന്
വിഴുങ്ങാനായുന്ന പ്രേത നിഴൽ പോലെ
എല്ലായിടത്തും
ഞാനുറപ്പിച്ചു പറയുന്നു
ഇതിലെന്തോ ഗുഢാലോചനയുണ്ട്!!


Thursday, March 2, 2017

മുന്നറിയിപ്പ്

..................
കലാപം പൊട്ടിയാൽ
പോലീസ്
തീയോ വെള്ളമോ വന്നാൽ
ഫയർ ഫോഴ്സ്
ബസ്സിൽ എഴുതിയത് കണ്ടു
പോലീസ് 100
ഫയർഫോഴ്സ് 101
വനിത 1098
ഈശ്വരാ ഈ പെണ്ണെപ്പൊഴാ
ഇത്ര ഗമ്യയായത്
സുലഭമോ ദുർലഭമോ ആയത്
ഇത്രമേൽ അപകടത്തിലായത് !!.
           

Thursday, February 16, 2017

കാത്തിരിപ്പ്

നീ ആകാശം കടന്നെത്തും
എന്ന് കാത്ത്
നക്ഷത്രങ്ങളായി
മഴയാകുമെന്ന് കരുതി
വിത്തായി
ഒരു നിശ്വാസം കൊണ്ട്
എത്താവുന്ന ദൂരം
ഒരു ജൻമംകൊണ്ടളന്ന്
നീയിപ്പോൾ
എവിടെയെത്തിയാവോ
അതുവരെ തുളളിയായി
ഈ ഇലത്തുമ്പിൽ


പാഴ്

പാതിരവരെ കത്തിയ
വെളിച്ചത്തിന്
വിശപ്പു നൽകി
പകലന്തിയോളം മോഹിച്ചതിന്
മുറിവുകളും
മൺതരിയോളം സ്നേഹിച്ചതിന്
ആറടിമണ്ണും
ചിതയിലേക്കെടുക്കാൻ
കാത്തു നിൽക്കുമ്പോൾ മാത്രം
കണ്ണീരും.

Sunday, January 29, 2017

തിരിച്ചു വരവ്

പലപ്പോഴും നീ തരുന്ന
മുറിവുകളിൽ നിന്ന്
ഒരാൾ ഇറങ്ങി വരാറുണ്ട്
ഇലയുടെ തണലുള്ള ഒരാൾ
ജലത്തിൻ്റെ കനിവുള്ള ഒരാൾ
ഒരു സ്ഫുലിംഗം കൊണ്ട്
ഒരു കടൽ ദഹിപ്പിക്കുന്ന ഒരാൾ
ഒരു സ്വപ്നം കൊണ്ട്
ഒരു കാടകം തീർക്കുന്ന ഒരാൾ
ആർദ്രതയുള്ള വിത്തുകൾ കൊണ്ട്
ഒരായിരം മൺ തരികളെ
 പുളകം കൊള്ളിയ്ക്കുന്ന ഒരാൾ
ഒരാകാശക്കീറുകൊണ്ട്
ഒരു പൂർണ്ണചന്ദ്രനെ തീർക്കുന്ന ഒരാൾ
ഒരു മഴത്തുണ്ട് കൊണ്ട്
ജീവൻ തേടുന്ന ഒരാൾ
ഒരു ചിരി കൊണ്ട് പുലരിയും
മറ്റു ചിരിയാൽ സസ്യയുടെ
കണ്ണീരുമൊപ്പുന്ന ഒരാൾ
രാവും പകലുമെന്നില്ല
നീ തരുന്ന മുറിവുകളിൽ നിന്ന്
അയാൾ ഇറങ്ങി വരാറുണ്ട്
എപ്പോഴും .....

Tuesday, January 3, 2017

  സിബ്ബ്

ഒറ്റ വലി
ഒരു നിറഞ്ഞ ചിരി
മറു വലിയാൽ, തിടുക്കം
അടച്ചു വെയ്ക്കാനാണെപ്പൊഴും
ആകസ്മികമായ വേർപെടൽ
 തുറന്നിടുന്നെല്ലാം, ഒന്നും
 അടച്ചു വെയ്ക്കാനാവാതെ
 ഒരിക്കലും.

രാത്രി

നട്ടു വെച്ചതാരാണോ
ഓരോ മനസ്സിലും
ഇതുവളർന്ന്
പിന്നെ,
ലോകത്തിൻ പാതിയും
ഇരുട്ടായി

മഴ

പെരുമഴയത്ത്
മഴയിൽ കുതിർന്നാരോ
പെരുവഴി ചില്ലയിൽ
കാത്തു നിൽക്കുന്നു
കനലായ്
മഴ കോരിക്കുടിച്ച്
ഉടഞ്ഞ മൺപാത്രം
മഴയത്താകുന്നു

വാർധക്യം

വീണ പൂക്കളുടെ
ശോക ഛായയിൽ
കണ്ണാടി നോക്കുന്ന
പ്രണയം

കവിത

കാറ്റനക്കങ്ങളിൽ
ഇലമുളളിനോടു പറഞ്ഞു
എങ്ങാനും വന്നു തൊടല്ലേ
മുറിപ്പാടാകും
ഉം.. മുള്ളു സമ്മതിച്ചു
എന്നിട്ടും
ഒരു  മൂകസസ്യയിലെ
നിരാലംബമായ പെരുമഴയിൽ
ഇലമുളളിൻ്റെ  തോളത്തു ചാരി
മുറിഞ്ഞു
അത് ഉണങ്ങിയതേയില്ല
പിന്നെ
അത് കവിതയായി.

കടം
..........
മിഴി
പെയ്തിറങ്ങുന്നു
ആരോ
കല്ലുരുക്കുന്ന
കാറ്റനക്കങ്ങളിൽ

വിട

പടിയിറങ്ങേണ്ടി വന്നതിനാൽ
ഭൂമിയിലാണ്ടു പോയ
വേരുകൾ സ്വയം പറിച്ചെടുത്ത്
വായുവിൽ നിന്ന് അവസാന
ശ്വാസവും വലിച്ച്
വിസ്മൃതിയിലേയ്ക്ക് ചായുന്ന
                                                        ഒറ്റമരം.

പ്രണയം

പുലരിച്ചെടിത്തുമ്പിൽ
ഉച്ചിയിൽ പ്രോജ്ജ്വലം  
സൂര്യനോടോതുന്നു
പ്രണയം
കാറ്റേറ്റടരാൻ തുടങ്ങുന്ന
പാഴില
ചില്ലയോടോതുന്നു
പ്രണയം.

മരണം

നിൻ്റെ വാക്കാൽ
പതിച്ചുറങ്ങുന്ന ഞാൻ
നെഞ്ചിലാരോ
മരിച്ചതറിയുന്നു.

Sunday, January 1, 2017

കാത്തിരിപ്പ്

........................
കാത്തിരുന്നവയെല്ലാം
കണ്ണിലൂടെ
ഒഴുകിയകന്നപ്പോൾ
ആരോ പറയുന്നതായി കേട്ടു
അവസാന ബസ്സും പോയി
ഒരു മണ്ണിരയുടെ വേഗത്തിൽ
അതെല്ലാം തന്നെ നോക്കി
പതിയെ പോയിട്ടുണ്ടാവണം
ഇപ്പോൾ എവിടെയോ
ഒരെയോ
കാത്തു കിടപ്പുണ്ടാവണം

പുട്ട്

...........
കരിമ്പുലർച്ചയ്ക്ക് പിണങ്ങിയ ഭർത്താവിനെ
പാത്രത്തിലേയ്ക്ക് വലിച്ചെറിഞ്ഞ്,
പാകത്തിന് വെള്ളം ചേർത്ത് ഞരടിക്കുഴച്ച്,
തല്ലിപ്പൊട്ടിച്ച് ദർപ്പം കളഞ്ഞ്, ചുരണ്ടിയെടുത്ത്,
അല്പ്പം ശ്വാസം കിട്ടാൻ മാത്രം വട്ടയിട്ട്,
കുറ്റിയിൽ നിറച്ചടച്ച്,
ആവിയിൽ പുഴുങ്ങി. !
വടിയെടുത്ത് ഒറ്റക്കത്തിനു പുറത്തിട്ടു-...
പഞ്ചസാരയും കൂട്ടി വിളമ്പി.
ഹായ്.... എന്തു രസം!!_        
കാവൽ
................
മരിച്ചവരെല്ലാം ഭൂമിയിൽ നിന്ന്
തിരിച്ചു പോയെന്നത്
പച്ചക്കള്ളമാണ്
അത്രമേൽപിരിയാൻ വയ്യാതെ
തോറ്റുപോകും അവർ !

വിഡ്ഢിയോ ശപിക്കപ്പെട്ട വനോ ആയി
ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് പോകാം
ജീവിക്കുന്നവർക്ക് മാത്രം!

ഹൃദയം കളഞ്ഞു പോയ
തീരത്താണിപ്പോൾ
നടത്തം
ഒരു കള്ളനെപ്പോലെ.
ഓർമകളിൽ തെന്നി വീണ്,
നിഴലുകളിൽ പകച്ച്,
ശബ്ദം വിഴുങ്ങി,
പിണക്കം പരിയുന്നതും നോക്കി,
അക്ഷരങ്ങൾ വിങ്ങി വീർത്ത്,
വിതുമ്പും വാക്കുകളോടെ.....

ഏതു നെഞ്ചിലാണാവോ
കണ്ണീർ താരകങ്ങളേ
നിങ്ങൾ കാവൽ

ആ മുറിവുണങ്ങുംവരെ
എനിക്ക്
കണ്ണീരുപ്പു വീണ കഞ്ഞി          -               

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...