Friday, March 18, 2022

വിട




ആദ്യത്തെ എന്റെ കരച്ചിലിനും

അവസാനത്തെ അവരുടെ

കരച്ചിലിനും ഇടയിൽ

ഒരു ദീർഘ നിശ്വാസം

ഉയർന്നു താഴുന്നുണ്ട്.


നിമിഷാർധത്തിൽ നീങ്ങിപ്പോയ സൂചി

ക്ലോക്കിൽ തിരിച്ചു വരാൻ

കൊതിക്കുന്നുണ്ട്.


കൈവിട്ട കല്ലിനെ താങ്ങിനിർത്താൻ

തുമ്പി കൈയുകൾ

കിണഞ്ഞു ശ്രമിക്കുന്നുണ്ട്.


അബദ്ധത്തിൽ വീണുടഞ്ഞു പോയത് ഒന്നായി

അമ്മമടിയിലേക്കെത്താൻ

കൊതിക്കുന്നുണ്ട്.


ഒരു കണ്ണീർ കണം

കണ്ണിലേക്ക് തിരിച്ചു പോകാൻ

വെമ്പുന്നുണ്ട്


പാഴായ വാക്കുകൾ കണ്ണിൽ

 രാത്രി നിറച്ച്

ഉറക്കം വരാതെ വിതുമ്പുന്നുണ്ട്


നടന്നു തീരാത്ത വഴികൾ

നീയെത്താൻ

കാത്തിരിക്കുന്നുണ്ട്.


രാവും പകലും പുണർന്ന്

ഒരാകാശം സൃഷ്ടിക്കുന്നുണ്ട്

അതിലൊരു നക്ഷത്രം

ആരോ തൂക്കിയിട്ടിട്ടുണ്ട്


ചിരിവിടർന്ന പുലരികൾ

കരഞ്ഞുണങ്ങി സന്ധ്യയിലേക്ക്

ചായുന്നുണ്ട്.


കഴിഞ്ഞ കാലം

ഒരൊറ്റ വേഗം കൊണ്ട്

ജാലവിദ്യ കാട്ടുന്നുണ്ട്.


മൺതരികൾ തരുന്ന

ഉമ്മകൾ ഏറ്റുവാങ്ങി

ഞാനിവിടെ കിടപ്പുണ്ട്.

അകലെ ഒരു നീലാകാശം

കൂട്ടിരിപ്പുണ്ട്.

                 ഗിരീഷ് കുമാർ

No comments:

Post a Comment

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...