Tuesday, February 26, 2019

ബാക്കി
...............     
            1
വിങ്ങി വീർത്ത്
നിനക്കെഴുതാൻ കൊതിച്ച
വാക്കുകളൊക്കെ
ടൈ കെട്ടിമുഖം വീർപ്പിച്ച്
റേഡരികിൽ സ്കൂൾ ബസ്
കാത്ത്
ഒറ്റയ്ക്കു നിൽക്കുന്നു .
   
                2

ഓടി വന്ന് ആശ്വസിപ്പിക്കാൻ കൊതിച്ചു
മനസ്സിൽ നിന്ന് ഊർന്ന്
ആശുപത്രിക്കിടക്കയിൽ
ജീവൻ കുഴലുകൾ
കൂട്ടിപ്പിടിച്ച്
മടങ്ങട്ടെ...

                3
കെട്ടിപ്പിടിച്ചൊന്നു മുത്താൻ കൊതിച്ചു
ആരോ വലിച്ചു കീറിയ
പുടവക്കിടയിൽ
നഖപ്പാടുകളാൽ
സന്ധ്യ രാച്ചില്ല തേടുന്നു

                      4
കണ്ടൊന്നു കൊതിതീരാൻ
കൊതിച്ചു
ചുറ്റിലും മണ്ണെടുത്ത്
വേരുകൾ ആകാശത്താക്കി
മരിക്കാൻ വിട്ടതിനെ
ആരോ കൊണ്ടു പോയ മലയും ബാക്കിയാക്കി.
       
                 5

കൊടുക്കാൻ മറന്ന സ്നേഹം
കരഞ്ഞു കണ്ണ് തുറന്ന് വെച്ച്
മരിച്ചു
വെളിച്ചം വീണപ്പോൾ
ആരോ കൊട്ടയിലാക്കി
നിലവിളിച്ചും കൊണ്ടു നടപ്പാണ്
ചെതുമ്പലുകൾ കളഞ്ഞ്
ചെകിളപ്പുവും കണ്ണും ചൂഴ്ന്ന്
വയർ കീറി കുടൽമാല
പുറത്തിട്ടപ്പോൾ
രണ്ടു മീനുകൾ പിടയ്ക്കുന്നു.
അകത്തൊരു കടലിരമ്പുന്നുണ്ട്
കൈയിൽ സിപ്പപ്പിൻ്റെ
നിറമുള്ള മധുരത്തിരമാല.

                 6

പണ്ടു പാഞ്ഞവയൊക്കെ
ശീതീകരിച്ച സൂപ്പർ മാർക്കറ്റിൻ്റെ കോളത്തിൽ
അരികു കരിഞ്ഞു
ദിവസവും വിലക്കുറവിലുണ്ട്
കൊണ്ടുപോയി വെള്ളത്തിലിട്ടു വെച്ചു മുറിച്ചാൽ
പൊളളയോ പുഴുവോ കാണാം
അതിന് നമ്മുടെ പേരിടാം
ആരും കാണാതെ
വേയിസ്റ്റ് ബിന്നിൻ്റെ അടിയിൽ പൂഴ്ത്താം

                   7

ഈ നിറത്തിലുള്ളവയൊക്കെ
വിൽക്കാൻ വെച്ച സ്വപ്നങ്ങളാണ്
വിലയ്ക്കു വാങ്ങി വീട്ടിലെത്തിച്ചാൽ
കണ്ണുപൊട്ടിയ ചൈനീസ്
കളിപ്പാട്ടങ്ങൾ
ഒന്നിന് നിനക്കുണ്ടായതിൻ്റെയും
ഒന്നിന്
എനിക്കുണ്ടായതിൻ്റെയും
പേരിടാം.

             8

കൂട്ടിമുട്ടല്ലേ
വീടും തിരക്കാർന്ന ഹൈവേ
പഴയ വണ്ടികളാണ് നാം
ഇൻഷൂർ കിട്ടാൻ പാട്
നന്നാക്കിയാൽ ശരിയാവില്ല
പൊട്ടിയും ചുറ്റിയുo
പഴായി
ഹോൺ മുഴക്കിയില്ലെങ്കിലും
വെറുതെ വിടണേ.,,,

                    9

ലോണും പണയവുമായി
വളർന്ന വീട്ടിൽ
വൻകരകളിൽ നാമിന്നു താമസം
ഓൺലൈനിൽ കാണാറുണ്ടെങ്കിലും
വാക്കുകളില്ലാതെ
എന്തു പറയാൻ
ഓഫ് ലൈനിലേയ്ക്കു മായുമ്പോൾ
നേരിയ നോവു മാത്രം.
                   
                     10

നമുക്കു മുന്നിൽ
നന്നായി അലങ്കരിച്ച
ശീതീകരിച്ച പെട്ടി
ആരാണാദ്യം കയറുക
യാത്ര പോലും പറയാതെ
നിയോ? ഞാനോ?.
                          ഗിരീഷ് കുമാർ ഇ

No comments:

Post a Comment

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...